കാട്ടാനക്കൂട്ടം മേയുന്ന ഇടുക്കി ഡാമിന്റെ, Highest View Point.
ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ആർച്ച് ഡാമായ ഇടുക്കി ഡാം ഇന്നും ഒരു അത്ഭുതമാണ്. എത്ര കണ്ടാലും മതിവരാത്ത ഇടുക്കിയിലെ മറ്റേതൊരു കാഴ്ചയും പോലെ കേരളത്തെ വെളിച്ചമണിയിക്കുന്ന ഈ ജലാശയവും ഒന്ന് കണ്ടവർ വീണ്ടും വീണ്ടും കാണായി എത്തികൊണ്ടേയിരിക്കുന്നു.
പൊതുജനങ്ങൾക്കായി സർക്കാർ ബോട്ടിങ് ഉൾപ്പടെയുള്ള സൗകര്യവും ,ഡാമിനോട് ചേർന്ന് അഡ്വഞ്ചർ പാർക്കും നിർമ്മിച്ചപ്പോൾ വിദേശികൾ ഉൾപ്പടെയുള്ള സഞ്ചാരികൾ ഇടുക്കി ഡാമിലേക്ക് ഓരോ ദിവസവും ഒഴുകിയെത്തുന്നു.
പക്ഷെ ഇടുക്കി ഡാമിന്റെ ഏറ്റവും ഉയരത്തിലുള്ള വ്യൂ അധികം സഞ്ചാരികൾക്കു ആസ്വദിക്കാൻ സാധിച്ചിട്ടില്ല. കാൽവരിമൗണ്ട് പവലിയനിൽ ഇടുക്കി ഡാമിന്റെ ഒരു പരന്ന വ്യൂ ലഭിക്കുമെങ്കിലും അത് ഒരിക്കലും കടലു പോലെ പരന്ന് കിടക്കുന്ന ഈ നീല ജലാശയത്തിന്റെ 50 % വ്യൂവിലേക്കു പോലും നമ്മുടെ കാഴ്ചയെ എത്തിക്കില്ല.
നീണ്ടു പരന്ന് കിടക്കുന്ന മലനിരകൾക്കും പച്ചപുതച്ച നിബിഡ വനങ്ങൾക്കുമിടയിൽ നിശ്ചലമായ ആ നീലജലാശയത്തിന്റെ ഏറ്റവും ഉയരത്തിൽ ഉള്ള വ്യൂ ലഭിക്കാൻ കല്യാണതണ്ടിലേക്കു തന്നെ ട്രെക്ക് ചെയ്യണം.
രണ്ടു ദിവസം മാത്രം ഉള്ള എന്റെ ഇടുക്കി യാത്രയിൽ അധികമാരും കടന്നു ചെല്ലാത്ത ആ ഒരു ട്രെക്കിങ്ങ് പോയിന്റ് ഉൾപെടുത്താൻ പിന്നെ ഒട്ടും താമസിച്ചില്ല.

ചരിത്രവും, പുരാണവും ഉറങ്ങുന്ന കല്യാണതണ്ട്.
ഇടുക്കിയിലെ വലിയൊരു പ്രദേശം തന്നെ കല്യാണതണ്ട് എന്ന പേരിൽ ആണ് അറിയപ്പെടുന്നത്. ഗൂഗിളിൽ കാണിക്കുന്ന കല്യാണതണ്ട് വ്യൂ പോയിന്റ് ഉൾപ്പടെ അതിനോട് ചേർന്നുള്ള മറ്റു ചില മലകളുടെ ഭാഗങ്ങൾ എല്ലാം തന്നെ ഇതേ പേരിൽ തന്നെയാണ് അറിയപ്പെടുന്നത്.
ഇടുക്കി ജില്ലയിലെ തന്നെ മറ്റൊരു പേര് കേട്ട ടൂറിസ്റ്റ് പ്ലേസ് ആയ രാമക്കൽമേടിനോട് ചേർന്ന് തന്നെയുള്ള ചില കഥകൾ കല്യാണത്തണ്ടിനെ പറ്റിയും പ്രചരിക്കുന്നു. അതല്ല പഞ്ചപാണ്ഡവൻമാരുടെ അജ്ഞാതവാസ കാലവും ആയി ബന്ധപ്പെട്ടതാണ് ഈ പ്രദേശമെന്നും പറയപ്പെടുന്നു. ഈ രണ്ടു പുരാണകഥകളിൽ ഏതു തന്നെ ആണ് ഈ പ്രദേശവും ആയി ബന്ധപെട്ടു കിടക്കുന്നതെങ്കിലും, അതിൽ തീർച്ചയായും അതിശോയക്തി തോന്നേണ്ട കാര്യമില്ല. ഈ കാലഘട്ടത്തിൽ പോലും ആനയും മറ്റു വന്യ ജീവികളും സ്വൈര്യ വിഹാരം നടത്തുന്ന ഈ വനമേഖല കാലങ്ങൾക്കു മുന്നേ മനുഷ്യ വാസം തീരെ ഇല്ലാത്ത കൊടും വനമായിരിക്കുമെന്നു ഉറപ്പിക്കാം. അതായിരിക്കാം ശ്രീരാമനും , പാണ്ഡവന്മാരുമൊക്കെ അജ്ഞാതവാസത്തിനായി ഇവിടം തന്നെ തിരഞ്ഞെടുത്തത്.
ഇടുക്കിയുടെ മറ്റൊരു മൂന്നാർ, കാൽവരിമൗണ്ട്.
ഇടുക്കി ജില്ലയുടെ ഭരണ സിരാ കേന്ദ്രമായ ചെറുതോണിക്കും , ഇടുക്കിയിലെ മറ്റൊരു വലിയ ടൗൺ ആയ കട്ടപ്പനക്കും ഇടയിലായിട്ടുള്ള ഒരു മലയോര ഗ്രാമം ആണ് കാൽവരിമൗണ്ട്. ചെറുതോണിയിൽ നിന്നും 13 കിലോമീറ്ററും , കട്ടപ്പനയിൽ നിന്നും 15 കിലോമീറ്ററും ആണ് കാൽവരിമൗണ്ട് എന്ന ചെറു ഗ്രാമത്തിലേക്ക്.
ഒരു ചെറു മലയോര ഗ്രാമത്തിൽ നിന്നും കാൽവരിമൗണ്ട് ഇന്ന് കേരളത്തിലെ വളർന്നു കൊണ്ടിരിക്കുന്ന ഒരു ടൂറിസ്റ്റ് വില്ലേജ് ആയി മാറിയിരിക്കുന്നു. തൊട്ടടുത്തുള്ള മറ്റേതു പ്രദേശത്തേക്കാളും തണുപ്പും, മഞ്ഞും നിറഞ്ഞ കാൽവരിമൗണ്ട് നിരവധി ചെറു റിസോർട്ടുകളും, ഹോംസ്റ്റേകളും നിറഞ്ഞ ഗ്രാമം ആണ്. ഇവിടുത്തെ ഈ പ്രത്യേകതകൾ നിറഞ്ഞ തണുത്ത കാലാവസ്ഥയുടെ കാരണവും ഇടുക്കി ഡാം തന്നെ. വനമേഖലയിലെ തണുത്ത അന്തരീക്ഷവും, കാറ്റും പ്രകൃതിയിലെ ഏതോ ഒരു വിടവിലൂടെ ഇവിടെ എത്തുന്നു എന്നാണ് കാൽവരിമൗണ്ട് നിവാസികൾ പറയുന്നത്. നവംബർ – ഡിസംബർ മാസങ്ങളിൽ ഇവിടുത്തെ തണുപ്പ് 10 ഡിഗ്രിയോളും എത്തിച്ചേരും , അതുകൊണ്ടു തന്നെ ധാരാളം തേയില തോട്ടങ്ങളും ഇവിടെ കാണാം. പേരിലെ സവിശേഷതയും തേയിലത്തോട്ടങ്ങളും, റിസോർട്ടുകളും , കോടമഞ്ഞും, തണുപ്പും നിറഞ്ഞ കാലാവസ്ഥയും എല്ലാം കൂടി ചേരുമ്പോൾ കാൽവരിമൗണ്ട് ഇടുക്കിയിലെ മറ്റൊരു മൂന്നാർ തന്നെ.
ലോക്ഡൗണിനു ശേഷം സഞ്ചാരികൾ എത്തിത്തുടങ്ങുന്ന ഈ ഗ്രാമം തന്റെ കളഞ്ഞു പോയ പ്രതാപം വീണ്ടെടുക്കാൻ വീണ്ടും സജീവമാകുന്നുണ്ട്.
ഇടുക്കിയിൽ എത്തുന്ന വിദേശികൾ ഉൾപ്പടെ മിക്ക സഞ്ചാരികളും ഒരു രാത്രി അന്തിയുറങ്ങാൻ ആഗ്രഹിക്കുന്ന കാൽവരിമൗണ്ടിൽ, ഒരു ചെറു ഹോംസ്റ്റേയിൽ അങ്ങനെ ഞാനും രാത്രി കയറി കൂടി.

മഞ്ഞു പെയ്യുന്ന പ്രഭാതത്തിൽ കല്യാണതണ്ടിലേക്ക്…
തണുപ്പ് കാലത്തിന്റെ വരവ് അറിയിക്കുന്ന ഒരു രാത്രി ആയിരുന്നു അത്. മൂടിപ്പുതച്ചു കിടന്നുറങ്ങി രാവിലെ എണീറ്റപ്പോൾ ജനാലയുടെ ചില്ലുകൾ മഞ്ഞിൻ കണങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. നീലാകാശവും , ധാരാളം കിളികളുടെ കൊഞ്ചലുകളും, തണുത്ത കാറ്റും നിറഞ്ഞ ഒരു കിടിലൻ പ്രഭാതം. ഇടുക്കി ഹോംസ് എന്ന ആറു മുറികൾ മാത്രമുള്ള ഈ ബഡ്ജറ്റ് ഹോംസ്റ്റേ കാൽവരിമൗണ്ട് പള്ളിയുടെ അടുത്തായിട്ടാണ്, ഏലത്തോട്ടങ്ങൾക്കിടയിലുള്ള ഒരു ചെറു ഹോംസ്റ്റേ. ചൂട് ബ്രേക്ക്ഫാസ്റ്റിന് ശേഷം ഹോംസ്റ്റേ ഉടമ ശ്രീജിത്ത് വഴികാട്ടി ആയ ആ ട്രെക്കിങ്ങ് അങ്ങനെ ആരംഭിച്ചു. ഏതാണ്ട് നാലുകിലോമീറ്ററോളം റൈഡ് ചെയ്തു ഒരു മലയുടെ മുകളിൽ റോഡ് അവസാനിക്കുന്നിടത്തു ബൈക്ക് വെച്ചിട്ടാണ് ട്രെക്കിങ്ങ് ആരംഭിച്ചത്. നീലാകാശത്തിനു കീഴെ പുൽമേടുകളും, ചെറു കൃഷിയിടങ്ങളും നിറഞ്ഞ പ്രദേശത്തിലൂടെ നടന്നു കയറി തുടങ്ങി. ഓഫ് റോഡ് ജീപ്പോ അല്ലെങ്കിൽ ബൈക്കിനോ അല്ലാതെ എത്തുന്ന സഞ്ചാരികൾ കുറച്ചധികം നടക്കേണ്ടതായി വരും, പക്ഷേ ഞങ്ങളെ സംബന്ധിച്ചു ഇതൊരു ചെറിയൊരു ട്രെക്കിങ്ങ് മാത്രമായിരുന്നു വെറും ഒരു കിലോമീറ്റർ മാത്രം വരുന്ന ട്രെക്ക്. പുൽമേടുകളും, പാറക്കൂട്ടങ്ങളും , കാട്ടുപന്നിയും ആനകളും നശിപ്പിച്ച കൃഷിയിടങ്ങളും കടന്നു ആ മലയുടെ മുകളിൽ എത്തിയപ്പോൾ ആദ്യം വരവേറ്റത് നല്ല തണുത്ത കാറ്റായിരുന്നു പിന്നെ ശ്വസം അടക്കി പിടിച്ചു മാത്രം കണ്ടു നിൽക്കേണ്ട ഒരു അത്ഭുത കാഴ്ചയും.
കല്യാണത്തണ്ടിൽ നിന്നുള്ള ഇടുക്കി ഡാമിന്റെ കാഴ്ചയുടെ പ്രത്യേകത.
വിശാലമായ പുൽമേടുകൾ ഓരോന്നായി പരന്ന് കിടക്കുന്ന മലമുകളിൽ നിന്നും താഴേക്ക് നോക്കിയാൽ കാണുന്നത് നീണ്ടു പരന്ന് കിടക്കുന്ന നീല ജലാശയം ആണ്. ആകാശത്തിൽ ഒറ്റപെട്ടു നിൽക്കുന്ന മേഘങ്ങൾ തീർത്ത കറുത്ത നിഴലുകൾ ആ നീല ജലാശയത്തിൽ അങ്ങിങ്ങായി ഗർത്തങ്ങൾ പോലെ തോന്നിപ്പിക്കും. കാട്ടാനക്കൂട്ടം നടന്നു പോയതിന്റെ സൂചനയായി കാൽപാടും , ആനപിണ്ടവും എല്ലാം പുൽമേടിന്റെ പല ഭാഗത്തായി കാണാം. കാട്ടുപന്നി ,മുള്ളൻ പന്നി , കുറുക്കൻ , കാട്ടുമുയൽ ,കുരങ്ങുകൾ, പെരുമ്പാമ്പ് പിന്നെ അപകടകാരികളായ കാട്ടുനായ്ക്കൾ ഉൾപ്പെടയുള്ള മറ്റു പല വന്യ മൃഗങ്ങളും ഉള്ള ഒരു പ്രദേശം കൂടി ആണിത്.
കാൽവരിമൗണ്ട് ഉൾപ്പടെ ഡാമിന്റെ വ്യൂ കിട്ടുന്ന മറ്റേതു പ്രദേശത്തുനിന്നും കിട്ടാത്ത സുന്ദരമായ കാഴ്ച ഇവിടെ നിന്നും കിട്ടാൻ കാരണം മറ്റൊന്നും അല്ല അത് തികച്ചും ഭൂമിശാസ്ത്രപരമാണ്.
ഇടുക്കി റിസെർവോയറിന്റെ ഒത്ത നടുക്കാണ് ഈ വ്യൂ പോയിന്റ് അതുകൊണ്ടു തന്നെ രണ്ടു സൈഡിലേക്കുമുള്ള വ്യൂ അതിമനോഹരമായി നമുക്ക് ഇവിടെ നിന്നും ലഭിക്കും. മഞ്ഞിന്റെ മറയില്ലാത്ത തെളിഞ്ഞ കാലാവസ്ഥയിൽ വാഗമൺ മലനിരകളും , മൂന്നാറും വരെ ഇവിടെ നിന്നും നോക്കിയാൽ കാണാൻ സാധിക്കും. ഇടുക്കി ജലാശയത്തിലെ ഏറക്കുറെ എല്ലാ ദ്വീപുകളും കല്യാണത്തണ്ടിന്റെ ഈ വ്യൂ പോയിന്റിൽ നിന്നും നോക്കിയാൽ കാണാൻ സാധിക്കും. ഭാഗ്യവാൻമാരായ സഞ്ചാരികൾക്കു അപൂർവ്വങ്ങളിൽ അപൂർവ്വ കാഴ്ചയായ ആനകൂട്ടം ഒരു ദ്വീപിൽ നിന്നും മറ്റൊന്നിലേക്കു നീന്തുന്ന കാഴ്ചയും ഇവിടെ നിന്നും ലഭിക്കും, ആ കാഴ്ച നന്നായി കാണാൻ കയ്യിൽ ഒരു ബൈനോക്കുലർ വേണമെന്ന് മാത്രം. തൊട്ടടുത്ത് എന്ന് തോന്നിപ്പിക്കുന്ന ജലാശയത്തിന്റെ തീരത്തിലേക്കു ഞങ്ങൾ നിൽക്കുന്നയിടത്തു നിന്നും നടന്നാൽ ഏകദേശം 7 മണിക്കൂർ വരെ എടുക്കുമെന്നാണ് ശ്രീജിത്ത് ബ്രോ പറയുന്നത്. ഇടുക്കി ജലാശയത്തിന്റെ ഏറ്റവും വന്യവും, ആഴമേറിയതും ആയ പ്രദേശങ്ങൾ ആണ് ഇവിടെ നിന്നും കാണുന്നത്. അതുകൊണ്ടു തന്നെ ടെലിലെൻസും, ബൈനോക്കുലറും പോലുള്ള സർവ്വ സന്നാഹങ്ങളും ആയി എത്തുന്നവർ ഒരു പകൽ ഇവിടെ ചിലവഴിച്ചാൽ കിട്ടാൻ പോകുന്ന കാഴ്ച ചിലപ്പോൾ അവിസ്മരണീയം ആയിരിക്കും.ഹെലിക്യാം ഇവിടെ ഉപയോഗിക്കുന്നത് അനുവദനീയം അല്ല.

സൗന്ദര്യവും, അപകടവും ഒരേ തട്ടകത്തിൽ.
സുന്ദരമായ പ്രഭാത കാഴ്ചയും, സൂര്യാസ്തമയവും ലഭിക്കുന്ന ഇവിടെ ഒരു പകൽ മുഴുവൻ ചെലവഴിച്ചാൽ വന്യമൃഗങ്ങളെ കാണുവാനുള്ള സാധ്യതകളേറെയാണ്. സ്ഥിരമായി ആനക്കൂട്ടത്തിന്റെ സവാരി ഉള്ള ഈ പ്രദേശം അൽപ്പം അപകടം പിടിച്ചതുമാണ്. Kerala Forest Department – ന്റെ ജണ്ട ( വനാതിർത്തി നിർണ്ണയിക്കുന്ന അടയാളം ) കഴിഞ്ഞു വനത്തിലേക്ക് പ്രവേശിക്കുന്നത് വലിയ അപകട സാധ്യത ഉള്ളതും ശിക്ഷാർഹമായ നടപടിയും ആണ്. ഇവിടെ ടെന്റ് ചെയ്യാനോ രാത്രി തങ്ങാനോ അനുവാദമില്ല. ഒരു ചെറിയ ട്രെക്കിങ്ങ് നടത്തി സുന്ദരമായ ഈ കാഴ്ചകൾ കണ്ടു മലയിറങ്ങുന്നതാണ് നല്ലത്. എപ്പോളും തണുത്ത കാറ്റു വീശിയടിക്കുന്ന ഈ മലമുകളിൽ നട്ടുച്ചക്കും പോലും തണുപ്പാണ്. സഞ്ചാരികൾ തീരെ ഇല്ലാത്ത വളരെ പരിചയം ഉള്ള ആളുകൾ മാത്രം വന്നെത്തുന്ന ഈ മലമുകളിൽ പേരിനു പോലും പ്ലാസ്റ്റിക്കോ മറ്റു മാലിന്യങ്ങളോ ഇപ്പോൾ ഇല്ല. അപൂർവ്വങ്ങളായ പല തരം കുറ്റിച്ചെടികളും , സസ്യജാലങ്ങളും നിറഞ്ഞ Tropical Evergreen Forest ആണ് ഈ ഭാഗങ്ങൾ. നീലകുറിഞ്ഞിയുടെ മറ്റൊരു വകഭേദമായ ഒരു കുറിഞ്ഞി ഇവിടെ നിന്നും കാണാൻ സാധിച്ചു.
ടൂറിസത്തിന്റെ അതിപ്രസരണം ദൗർഭാഗ്യവശാൽ ഈ പ്രദേശത്തെയും വന്യമൃഗങ്ങളുടെ സ്വാഭാവിക സഞ്ചാരപഥത്തെ ബാധിച്ചിട്ടുണ്ട്. റിസോട്ടുകൾക്കും , കൃഷിക്കുമായി പലയിടത്തും വനഭൂമി കയ്യേറിയതായി കാണാം.

സാഹസിക സഞ്ചാരികൾ ഒരിക്കലെങ്കിലും എത്തിച്ചേരേണ്ടയിടം.
ഒരു കാരണവശാലും പരിചയ സമ്പന്നരായ ആളുകളോടൊപ്പം അല്ലാതെ ഇവിടേയ്ക്ക് ട്രെക്ക് ചെയ്യരുത്. സുന്ദരമായ, നിശബ്ദമായ ഈ പ്രദേശത്തു നമ്മെ കാത്തു നിരവധി അപകടങ്ങൾ പതിയിരുപ്പുണ്ട്. ഇങ്ങോട്ടു യാത്രതിരിക്കുന്ന സഞ്ചാരികൾ ആവശ്യത്തിന് വെള്ളം കയ്യിൽ കരുതാൻ മറക്കരുത് എത്ര തണുത്ത കാറ്റടിച്ചാലും Dehydration ഉണ്ടാകാൻ ഉള്ള സാധ്യത ഉണ്ട്. ആനയുടെയോ മറ്റു വന്യജീവികളുടെയോ അക്രമം ഏതെങ്കിലും കാരണവശാൽ ഉണ്ടായാൽ ഇടുക്കി ജലാശയത്തിന്റെ ഭാഗമായ താഴ്വാരത്തിലേക്കു പോകരുത്, എതിർ ദിശയിലേക്കു തന്നെ പോവുക, അതായതു നമ്മൾ കയറി വന്ന പ്രദേശം. ജലാശയത്തിന്റെ തീരപ്രദേശങ്ങൾ നിരവധി വന്യജീവികൾ ഉള്ള കൊടും വനം ആണ്, അങ്ങോട്ടേക്കുള്ള ഓരോ സ്റ്റെപ്പും കാട്ടിൽ അകപെടുവാനും മറ്റു അപകടങ്ങൾക്കുമുള്ള സാധ്യത ഉണ്ട്.

എത്രയൊക്കെ അപകട സാധ്യതകൾ നിറഞ്ഞതാണെങ്കിലും മനസ്സു നിറയ്ക്കുന്ന ഒരു സുന്ദരമായ കാഴ്ച അത്തരം ചിന്തകളെ എല്ലാം അകറ്റും. വെള്ളം നിറഞ്ഞു കിടക്കുന്ന ഇടുക്കി റിസർവോയറിന്റെ ഈ സമയങ്ങളിൽ ലഭിക്കുന്ന കാഴ്ച തികച്ചും അതി സുന്ദരമാണ്.
കണ്ടു മടുത്ത സ്ഥിരം കാഴ്ച്ചകളിൽ നിന്നും വ്യത്യസ്ത ആഗ്രഹിക്കുന്ന സഞ്ചാരികൾക്കു പോകാൻ സാധിക്കുന്ന ഒരു ട്രെക്കിങ്ങ് പോയിന്റ് ആണ് കല്യാണതണ്ട്. വളരെ ചെറിയൊരു ദൂരം ട്രെക്ക് ചെയ്തു മല മുകളിൽ എത്തിയാൽ ഇടുക്കി റിസർവോയറിന്റെ ഏറ്റവും മനോഹരമായ മറ്റെങ്ങു നിന്നും ലഭിക്കാത്ത വ്യൂ നമുക്ക് ലഭിക്കും. ജീവതത്തിൽ എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ സാധിക്കുന്ന ദി ഗ്രേറ്റ് ഇടുക്കി റിസർവോയറിന്റെ അധികമാരും കാണാത്ത ഒരു കിടിലൻ വ്യൂ.

Akhil Sasidharan
Akhil Sasidharan is a passionate full-time traveler, vlogger, blogger, and photographer. He belongs to Kerala, God's Own Country, the south-most state of India.