A Road Tip to Nathula Pass|Tsomgo Lake|Baba Mandir|India-China Border.
ഹിമാലയം ഏതൊരു യാത്രികന്റെയും സ്വപ്നഭൂമിയാണ് ലെ, ലഡാക്കും ഷിംലയും,കാശ്മീരും എല്ലാം യാത്രകളെ സ്നേഹിക്കുന്ന ആളുകളും റൈഡേഴ്സും സ്ഥിരമായി പോകാറുള്ള ഹിമാലയൻ ഭാഗങ്ങൾ ആണ്. ഈ ഹിമാലയൻ പ്രദേശങ്ങൾ പോലെ തന്നെ സഞ്ചാരികൾക്കു ഏറെ പ്രിയപ്പെട്ട മറ്റൊരു ഹിമാലയൻ സംസ്ഥാനം ആണ് സിക്കിം.
ടിബറ്റൻ ചൈനയോട് ചേർന്ന് കിടക്കുന്ന ഈ കൊച്ചു ഹിമാലയൻ സംസ്ഥാനത്തേക്കു ട്രെക്കേഴ്സിന്റെ പ്രിയപ്പെട്ട K2 കയറുവാനും ഇന്ത്യയിലെ തന്നെ ഏറ്റവും സുന്ദരമായ സുഖവാസ കേന്ദ്രമായ ഡാർജിലിങ്ങിലേക്കു എത്തുവാനും ആയി യാത്രികർ എത്തികൊണ്ടേയിരിക്കുന്നു. പക്ഷെ ഏറ്റവും കൂടുതൽ സഞ്ചാരികൾ സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കിലെക്കു എത്തുന്നത് ഇന്ത്യ ചൈന പാരമ്പരാഗത പാത ആയ ‘സിൽക്ക് റൂട്ട്’ എന്നറിയപ്പെടുന്ന നാഥുല പാസ് കാണുവാൻ ആണ്. ഇന്ത്യയിലെ ഏറ്റവും അപകടം പിടിച്ച, ഏതു സമയത്തും മലയിടിച്ചിലും മറ്റു പ്രകൃതി ക്ഷോഭങ്ങളും പ്രതീക്ഷിക്കാവുന്ന ഒരു റോഡാണ് ആണ് ഗാങ്ടോക്കിൽ നിന്ന് നാഥുല പാസിലേക്കു ഉള്ളത്. ഇന്ത്യൻ ആർമിക്കും ചൈനീസ് ആർമിക്കു ഒരേ പോലെ തന്ത്രപ്രധാനമായ പ്രദേശം കൂടി ആണ് നാഥുലാ പാസ്. അതുകൊണ്ടു തന്നെ നാഥുല പാസും പരിസര പ്രദേശങ്ങളും പൂർണ്ണമായും ഇന്ത്യൻ ആർമിയുടെ അധീനതയിൽ ആണ്. Gangtok , Nathula Pass , Tsogmo Lake ,Baba mandir തുടങ്ങിയ സിക്കിമിലെ പ്രധാന Travel designation ലേക്കു യാത്ര പ്ലാൻ ചെയ്തിരിക്കുന്ന സഞ്ചാരി സുഹൃത്തുക്കൾക്ക് ഉപകാരപ്പെടുന്ന ഒരു ബ്ലോഗ് ആണ് ഇത്. നാഥുല പാസ്സിലേക്കുള്ള പെർമിറ്റ് എടുക്കുന്നത് ഉൾപ്പടെയുള്ള വിവരങ്ങൾ ആണ് ഈ ബ്ലോഗിലൂടെ വിവരിക്കുന്നത്.
ഗാങ്ടോക്ക് എന്ന ഇന്ത്യ -ടിബറ്റൻ സംസ്ഥാനം.
സിക്കിം എന്നത് വളരെ ചെറിയൊരു സംസ്ഥാനം ആണ്. ഇന്ത്യൻ സംസ്ഥാനമായ വെസ്റ്റ് ബംഗാളിനോടും, അയൽ രാജ്യമായ ഭൂട്ടാനോടും അതിർത്തി പങ്കിടുന്ന സിക്കിമിന്റെ ഒരു ബേസിക് കൾച്ചർ എന്നത് ഭൂട്ടാനികളുടേതു തന്നെ ആണ്. വളരെ മികച്ച രീതിയിൽ വസ്ത്രധാരണം നടത്തുന്ന പൊതുവെ സമാധാനപ്രിയരായ സിക്കിം നിവാസികളിൽ ഏറിയപങ്കും ബുദ്ധമതക്കാർ ആണ്.
ഗാങ്ടോക്കിൽ നിന്നും 54 km ആണ് നാഥുല പാസിലേക്ക്. ഗാങ്ടോക്ക് വഴി മാത്രമേ നമുക്ക് നാഥുല പാസ്സിലേക്ക് എത്തുവാൻ സാധിക്കുകയുള്ളു. ഞാനും എന്റെ സുഹൃത്തും നാഥുല പാസ് സന്ദർശിക്കാൻ എത്തിയ സമയത്തു ഇന്ത്യ- ചൈന പട്ടാളക്കാർ മോശമല്ലാത്ത രീതിയിൽ അങ്ങോട്ടും ഇങ്ങോട്ടും വെടിവെയ്പ്പ് നടത്തി കൊണ്ടിരിക്കുന്ന സമയം ആയിരുന്നു. ചൈനീസ് പട്ടാളക്കാരുടെ ഈ അലമ്പും , വെടീം പോകേം ഉള്ളത് കൊണ്ട് ആ സമയം നാഥുല പാസിലേക്കു സഞ്ചാരികളെ കയറ്റി വിടുന്നില്ലായിരുന്നു. അതുകൊണ്ടു തന്നെ പെർമിറ്റ് കിട്ടാൻ കുറച്ചധികം ബുദ്ധിമുട്ടി. ഇന്ത്യയുടെ ഏറ്റവും അങ്ങേ അറ്റത്തു നിന്നാണ് വരുന്നതെന്നും നാഥുല പോകാൻ വേണ്ടി മാത്രമാണ് എത്തിയതെന്നും എല്ലാം പറഞ്ഞാണ് അവസാനം ഒരു തരത്തിൽ പെർമിറ്റ് ഒപ്പിച്ചത്.
നാഥുല പാസിലേക്കുള്ള പെർമിറ്റ് എങ്ങനെ എടുക്കാം.
നാഥുല പാസ്സിലേക്കുള്ള പെർമിറ്റ് ഇന്ത്യൻ പൗരൻമാർക്ക് മാത്രമേ ലഭിക്കുകയുള്ളു, വിദേശ സഞ്ചാരികൾ നിരാശപെടേണ്ടി വരും . Tourism and civil Aviation department ന്റെ അംഗീകാരമുള്ള ഗാങ്ടോക്കിലെ ഏതൊരു ട്രാവൽ ഏജൻസിയിൽ നിന്നും നമുക്ക് പെർമിറ്റ് ലഭ്യമാകും. പെർമിറ്റ് എടുക്കുന്നതിനു നമ്മുടെ ഐഡി പ്രൂഫ് കോപ്പിയും രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോകളും അപേക്ഷ ഫീസായ 200 രൂപയും കൊടുത്താൽ വളരെ പെട്ടന്ന് തന്നെ പെർമിറ്റ് ലഭിക്കും. 5 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്കും 60 നു മുകളിൽ പ്രായം ഉള്ളവർക്കും പെർമിറ്റ് ലഭിക്കുകയില്ല. ഇതിന്റെ പ്രധാന കാരണം നാഥുല പാസ്സിലേക്ക് പോകും വഴി പലയിടത്തും oxygen deficiency ഉണ്ട് എന്നതാണ്.
നാഥുല പാസ്സിലേക്കുള്ള വാഹന സൗകര്യം.
സ്വന്തം വാഹനത്തിൽ റൈഡ് ചെയ്തു നാഥുല പാസിലേക്ക് പോകണം എന്നാഗ്രഹിച്ചു വരുന്നവർ നിരാശപ്പെടേണ്ടി വരും.കാരണം ഗാങ്ടോക്കിലേക്കു മറ്റു ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ കടത്തി വിടില്ല. ടാക്സിക്കാരും, സർക്കാരും തമ്മിലുള്ള ഒരു അഡ്ജസ്റ്മെന്റ് ആണ് ഇത് എന്ന് തോന്നുന്നു. ബംഗാൾ – സിക്കിം ബോർഡറിൽ വെച്ച് തന്നെ തന്നെ നമ്മുടെ വാഹനത്തിൽ നിന്നും ഗാങ്ടോക്കിലെ ഏതെങ്കിലും ഒരു ടാക്സിയിലേക്കു കയറുവാൻ നമ്മൾ നിബന്ധിതരാകും. ഇനി സ്വന്തമായി ഡ്രൈവ് ചെയ്തു തന്നെ പോകണം എന്ന് നിർബന്ധം ഉള്ള ആളുകൾക്ക് വാഹനം ഗാങ്ടോക്കിൽ നിന്നും റെന്റിനു എടുക്കാം. നാഥുലാപാസിലേക്കു SUV കൾ മാത്രമേ കയറ്റിവിടുകയുള്ളു. അതുകൊണ്ടു തന്നെ നാഥുലക്കു സ്വന്തമായി വാഹനം ഡ്രൈവ് ചെയ്തു പോകണം എന്നുള്ളവർ അത്തരം വണ്ടികൾ റെന്റിനു എടുക്കാൻ ശ്രദ്ധിക്കുക. നിങ്ങൾ ഹിമാലയൻ റോഡുകളിൽ വാഹനം ഓടിച്ചു പരിചയം ഇല്ലാത്ത ആൾ ആണെങ്കിൽ ടാക്സികളെ തന്നെ ആശ്രയിച്ചു നാഥുലക്കു പോകുന്നതായിരിക്കും നല്ലത്. ധാരാളം അപകടങ്ങൾ സംഭവിക്കുന്ന ഒരു ഹിമാലയൻ റോഡ് ആണ് ഇത് , ഞങ്ങളുടെ യാത്രയിൽ പലയിടത്തും വണ്ടികൾ പരസ്പരം ഇടിച്ചു കിടക്കുന്നതും, മലയടിവാരത്തിൽ വീണു കിടക്കുന്നതുമായ കുറെ കാഴ്ചകൾ കണ്ടിരുന്നു.
12400 അടി ഉയരത്തിലെ തടാകം.
ഗാങ്ടോക്കിൽ നിന്നും നാഥുല പാസിലേക്ക് പോകുന്ന വഴിയിൽ ആണ് Tsogmo Lake. നമ്മൾ പോകുന്ന വഴിയിൽ തടാകത്തിന്റെ ഭാഗങ്ങൾ റോഡ് സൈഡിൽ കാണാൻ കാണാൻ സാധിക്കും. ‘12400 ‘ അടി സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ ഭീമാകാരൻ തടാകത്തിലെ വെള്ളം വർഷത്തിൽ പകുതിയിലേറെ സമയവും ഐസ് ആയിരിക്കും. ‘Tsogmo Lake’ വിശദമായി കാണണമെങ്കിൽ നാഥുല പാസ്സിലേക്ക് പെർമിറ്റ് എടുത്തത് പോലെ തന്നെ ഗാങ്ടോക്കിൽ നിന്നും ഒരു പെർമിറ്റ് കൂടെ എടുക്കേണ്ടി വരും, അല്ലെങ്കിൽ പോകുന്ന വഴിയിൽ റോഡ് സൈഡ് തടാക ദൃശ്യങ്ങൾ കണ്ടു തൃപ്തരാകേണ്ടി വരും. ഏതാണ്ട് നവംബർ മുതൽ ഫെബ്രുവരി വരെ തടാകത്തിൽ വെള്ളം കാണുകയില്ല മൊത്തം ഐസ് ആയിരിക്കും.
യാക്കിന്റെ പുറത്തു കയറിയുള്ള യാത്ര.
സഞ്ചാരികൾ വരുന്ന ഏതൊരു പ്രദേശത്തും ടൂറിസം ആയി ബന്ധപ്പെട്ട എന്തെങ്കിലും തട്ടി കൂട്ടി പരിപാടികൾ കാണുവല്ലോ. നാഥുല പാസ്സിലെ അതുപോലുള്ള ഒരു നേരമ്പോക്കാണ് യാക്കിന്റെ പുറത്തു കയറ്റം. Tsogmo Lake ന്റെ പരിസര പ്രദേശങ്ങളിൽ യാക്കുകളും ആയി നിരവധി ആളുകൾ കാണും. ആവശ്യക്കാർക്ക് ഈ യാക് മുതലാളിമാർക്ക് പണം കൊടുത്തു ഈ പാവം ഹിമാലയൻ മൃഗത്തിന്റെ മുതകത്തോട്ടു കയറി ഒന്നും വട്ടം കറങ്ങാം , ചെറുതായൊരു സുഖം കിട്ടും. ഹിമാലയൻ രാജ്യങ്ങളിൽ കാണുന്ന ഒരു പാവം മൃഗം ആണിത് മനുഷ്യരും ആയി നൂറ്റാണ്ടുകളായി സൗഹൃദം ഉള്ള ഒരു ജീവി. ഹിമാലയത്തിലെ എത്ര കഠിന കാലാവസ്ഥയും താങ്ങാൻ ഉള്ള ജൈവപരവും ശാരീരിക ക്ഷമതയും ഉള്ള ഈ മൃഗങ്ങളെ അതുകൊണ്ടു തന്നെ ഇവിടുള്ള ആളുകൾ പല വിധത്തിലും ഉപയോഗിക്കുന്നു. മാംസത്തിനും ,തോലിനും ഉൾപ്പടെ പല പണികൾക്കും ഹിമാലയൻ മനുഷ്യർ യാക്കിനെ ഉപയോഗിക്കുന്നു, അടുത്ത കാലത്തായി ഇമ്മാതിരി ടൂറിസം പരിപാടികൾക്കും. നല്ല തടിയൻ ആയ ശരീരം മുഴുവൻ രോമങ്ങൾ ഉള്ള യാക്ക് കുട്ടന്മാരെ കുട്ടികൾക്കും വലിയവർക്കും എല്ലാം വളരെ ഇഷ്ടമാകും.
രഹസ്യങ്ങൾ നിറഞ്ഞ പട്ടാളക്കാരന്റെ അമ്പലം.
സിനിമ താരങ്ങൾക്കും , രാഷ്ട്രീയക്കാർക്കും വരെ ക്ഷേത്രങ്ങൾ പണിയുന്ന ഇന്ത്യ എന്ന ഈ രാജ്യത്തിൽ ഇത്തരം ഒരു പട്ടാളക്കാരന്റെ അമ്പലം എന്നത് അത്ര വലിയ അത്ഭുതം ഒന്നും അല്ലല്ലോ , പ്രതേകിച്ചു രാജ്യത്തിന് വേണ്ടി വീര മൃത്യു വരിച്ച ഒരു സൈനികന്റെ അല്ലെ. എന്നാൽ ഇത് അങ്ങനെ വെറും ഒരു അമ്പലം അല്ല ധാരാളം രഹസ്യങ്ങൾ നിറഞ്ഞ ഒരുപാട് ചരിത്രസംഭവങ്ങൾ കൊണ്ടുണ്ടാക്കിയ ക്ഷേത്രം ആണ്.
നാഥുല പാസിലേക്കു തിരിക്കുന്ന ഏതൊരു സഞ്ചാരിയുടെ യാത്ര പ്ലാനിലും Baba Harbhajan Singh Mandir ഉണ്ടാകും. ഒരിക്കെലെങ്കിലും ഇവിടെ ഒന്ന് സന്ദർശിക്കുക എന്നത് എന്റെയും വലിയ ഒരു ആഗ്രഹം ആയിരുന്നു. ‘1968 ‘ ലെ ഇന്ത്യ ചൈന വാറിൽ വീര മൃത്യു വരിച്ച ഈ പട്ടാളക്കാരനെ അദ്ദേഹത്തിന്റെ മരണ ശേഷം നാഥുല പാസിന്റെ വിവിധ ഭാഗങ്ങളിൽ പട്രോളിംഗ് നടത്തിയ സൈനികർ കാണുകയുണ്ടായി. ചൈനീസ് പട്ടാളക്കാർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതു പറയപ്പെടുന്നു. തന്റെ സഹപ്രവർത്തകരിൽ ഒരാളുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട ഹർഭജൻ സിങ് തനിക്കു വേണ്ടി ഒരു സ്മാരകം ഉണ്ടാക്കണമെന്ന് ആവശ്യപ്പെടുകയും പിന്നീട് ഒരു ക്ഷേത്രം ആയി ആ സ്മാരകം മാറുകയും ചെയ്തു. ഇദ്ദേഹത്തിന്റെ മുറിയിലെ കിടക്കവിരി ആരോ ഉപയോഗിച്ചത് പോലെ പിറ്റേ ദിവസം കാണുകയും , യൂണിഫോമിൽ ഉപയോഗിച്ചത് പോലെ ഉള്ള അഴുക്കു പറ്റിയതടക്കം ഉള്ള ധാരാളം സംഭവങ്ങൾ ഇവിടെ ഡ്യൂട്ടി ചെയ്ത മറ്റു പട്ടാളക്കാർ സാക്ഷ്യപെടുത്തിയായിട്ടുണ്ട്. മഞ്ഞിൽ മൂടി കിടക്കുന്ന ഇന്ത്യ ചൈന അതിർത്തി ബാബ ഹർഭജൻ സിങ് ആണ് സംരക്ഷിക്കുന്നത് എന്ന് ഈ പട്ടാളക്കാരും , നാട്ടുകാരും എന്തിനു ആർമിയിലെ ഉയർന്ന ഉദ്യോഗസ്ഥരടക്കം വിശ്വസിക്കുന്നു. വളരെ ഭക്തിപൂർവ്വം , ബഹുമാനപൂർവ്വം ആണ് ഈ മന്ദിറും ബാബയുടെ ഓർമ്മകളും ഇന്ത്യൻ ആർമി സംരക്ഷിക്കുന്നത്. ദർശനത്തിനു ശേഷം ബാബ ഹർഭജൻ സിങ് മന്ദിറിൽ നിന്നും നല്ല രുചികരമായ ഡ്രൈ ഫ്രൂട്സ് നമുക്ക് പ്രസാദം ആയി ലഭിക്കും.
ഇന്ത്യ ചൈന അതിർത്തി എന്ന സുന്ദര പ്രദേശം.
വാഹനം വന്നു നിൽക്കുന്ന സ്ഥലത്തിൽ നിന്നും കുറച്ചു മുന്നോട്ടു നടന്നു കഴിയുമ്പോൾ കുറച്ചു സ്റ്റെപ് കയറി ഉള്ള ഒരു വ്യൂ പോയിന്റ് പോലെ സെറ്റ് ചെയ്തിരിക്കുന്നിടത്തു നിന്നും നമുക്ക് ചൈനയുടെ ഭൂപ്രദേശം കാണാം. നൂറ്റാണ്ടുകളായി ചൈനക്കാരും നമ്മൾ ഇന്ത്യക്കാരും തമ്മിൽ ധാരാളം കച്ചവടങ്ങളും , കൊടുക്കൽ വാങ്ങലുകളും നടത്തിയിരുന്ന പരമ്പരാഗത സിൽക്ക് റൂട്ടിന്റെ ഇന്ത്യൻ അതിർത്തി ഇവിടെ കൊണ്ട് തീർന്നിരിക്കുന്നു, ഇനി അങ്ങോട്ട് ചൈന ആണ്. ചൈനീസ് ആർമിയും ആയി അത്യാവശ്യം നല്ല ബന്ധമുണ്ടായിരുന്ന കാലത്തു നമുക്ക് ചൈനയിലേക്ക് കുറച്ചു നടന്നു പോകുവാൻ സാധിക്കും ആയിരുന്നു, വിസയും പാസ്പോർട്ടും ഒന്നും ഇല്ലാതെ ഒരു ചൈനീസ് സഞ്ചാരം. പക്ഷെ ഇനി ഒരിക്കലും അങ്ങനെ സാധിക്കുമെന്ന് തോന്നുന്നില്ല മിക്കവാറും ചൈനീസ് ആർമിയും നമ്മുടെ പട്ടാളക്കാരും ആയി സംഘർഷം ആണ് ഇവിടെ. ഇന്ത്യ ചൈന അതിർത്തിയിൽ ഫോട്ടോഗ്രാഫിയും, വിഡിയോഗ്രഫിയും കർശനമായി നിരോധിച്ചിട്ടുണ്ട്. നമ്മൾ മര്യാദക്ക് ആണ് സഞ്ചരിക്കുന്നതെങ്കിൽ പൊതുവെ ഇവിടുത്തെ പട്ടാളക്കാർ സഞ്ചാരികളോട് വളരെ സൗഹൃദ മനോഭാവം ഉള്ളവർ ആണ്. സുരേഷ്കുമാർ എന്ന തൃശൂർകാരനായ ഒരു മലയാളി പട്ടാളക്കാരനെ ഞങ്ങൾ നാഥുല പാസിൽ വെച്ച് പരിചയപ്പെട്ടിരുന്നു. ‘മലയാളി പട്ടാളക്കാർ ആരേലും ഉണ്ടോ’ എന്നുള്ള എന്റെ ചോദ്യത്തിന് മറുപടി ആയി ഒരു സിക്ക് പട്ടാളക്കാരൻ സുരേഷ് ചേട്ടനെ നോക്കി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ‘നിന്റെ നാട്ടുകാർ അന്വേഷിക്കുന്നു’ എന്ന്. ഇത് കേട്ട് ദൂരെ നിന്നും ഓടി വന്ന ആ പട്ടാളക്കാരന്റെ നാട്ടുകാരനോടുള്ള സ്നേഹം മറക്കാൻ സാധിക്കുന്നത് അല്ല.
നാഥുല പാസിലെ പട്ടാളക്കാർ.
വർഷത്തിൽ കുറച്ചു മാസങ്ങളിൽ മാത്രമേ ഇവിടുത്തെ പട്ടാളക്കാർക്ക് സഞ്ചാരികളെ കാണാൻ സാധിക്കുകയുള്ളു. ബാക്കിയുള്ള ദിവസങ്ങളിൽ മഞ്ഞു മൂടിയ ഹിമാലയൻ മലനിരകളും , തോക്കും മാത്രം ആണ് ഇവരുടെ കൂട്ട്. ഈ അനുഭവങ്ങൾ എല്ലാം ആയിരിക്കാം നാട്ടുകാരെ കാണാൻ ഉള്ള സുരേഷ് ചേട്ടന്റെ ഓടിയുള്ള വരവിന്റെ പിന്നിൽ. വര്ഷങ്ങള്ക്കു മുന്നേ ഇതേ പോലെ ഉള്ള മറ്റൊരു സ്നേഹം നിറഞ്ഞ അനുഭവം ഹിമാലയത്തിന്റെ അങ്ങേ വശത്തുള്ള ബദരീനാഥിനടുത്തുള്ള മാന ഗ്രാമത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പട്ടാളക്കാരനിൽ നിന്നും എനിക്ക് ഉണ്ടായിട്ടുണ്ടായിരുന്നു. നമ്മുടെ രാജ്യത്തിന്റെ അതിർത്തി വളരെ കഷ്ട്ടപെട്ടു സംരക്ഷിക്കുന്ന പട്ടാളക്കാരിൽ ധാരാളം മലയാളികൾ ഉണ്ട് എന്നത് നമ്മൾ മലയാളികൾക്ക് ഒരു പാട് അഭിമാനം തോന്നുന്ന കാര്യം ആണ്.
For India Bangladesh border and Dwaki river blog
ചൈന അതിർത്തിയൊക്കെ കണ്ടു ഇറങ്ങി വരുമ്പോൾ നമുക്ക് ഒരു സർട്ടിഫിക്കറ്റ് കിട്ടും. 14100 അടി മുകളിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യ ചൈന അതിർത്തി ആയ നാഥുല പാസ് നമ്മൾ വന്നു കണ്ടു എന്ന് സാക്ഷ്യപ്പെടുത്തിയ ഒരു സർട്ടിഫിക്കറ്റ്. ആർമിയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ ഒപ്പിട്ട ആ സർട്ടിഫിക്കറ്റ് ഞാൻ ഫ്രെയിം ചെയ്തു സൂക്ഷിച്ചിട്ടുണ്ട്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ലോകം കണ്ട വലിയ സഞ്ചാരികൾ ആയ Xuanzang , Faxian നുമൊക്കെ ഇന്ത്യയിലേക്ക് വന്ന ഈ പരമ്പരാഗത പാതയും , ചൈന അതിർത്തിയും , ബാബ മന്ദിറും , യാക്കിനെയും ഇവിടുത്തെ പട്ടാളക്കാരെയും പിന്നെ പാവങ്ങൾ ആയ നാട്ടുകാരെയും എല്ലാം കണ്ടിട്ട് നാഥുലായിൽ നിന്നും തിരിക്കുമ്പോൾ ജീവിതത്തിൽ കണ്ട സ്വപ്നങ്ങളിൽ ഒന്ന് പൂർത്തീകരിച്ച സന്തോഷമായിരുന്നില്ല. അൽപ്പം സങ്കടത്തോടെ ആയിരുന്നു ഞാൻ നാഥുല പാസിനോട് വിട പറഞ്ഞത്.
Things to Remember.
- രാവിലെ മാക്സിമം നേരത്തെ തന്നെ ഗാങ്ടോക്കിൽ നിന്നും പുറപ്പെടുക. സുരക്ഷാകാര്യങ്ങൾ കൊണ്ടോ പ്രകൃതിക്ഷോപങ്ങൾ കൊണ്ടോ മറ്റു അപകടങ്ങൾ കൊണ്ടോ താമസം നേരിടാൻ സാധ്യത ഉണ്ട്.
- താമസ സൗകര്യം ഗാങ്ടോക്കിൽ മാത്രമേ നമുക്ക് ലഭ്യമാകുകയുള്ളു.
- തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നാഥുല പാസിലേക്കു പ്രവേശനം ഇല്ല.
- ഭക്ഷണവും വെള്ളവുമൊക്കെ പോകുന്ന വഴി വീടുകളോട് ചേർന്ന ചെറിയ കടകൾ ഉണ്ട് അവിടെനിന്നും കിട്ടും.
- രജിസ്റ്റേർഡ് ട്രാവൽ ഏജൻസിയിൽ നിന്നും മാത്രം പെർമിറ്റ് വാങ്ങിക്കുക.
- ഹിമാലയൻ റോഡുകളിൽ ഡ്രൈവ് ചെയ്തു പരിചയം ഇല്ലാത്തവർ ഡ്രൈവ് ചെയ്തു പോകാതിരിക്കുന്നതാണ് നല്ലത്.
- നാഥുല പാസിലേക്ക് പോകുവാൻ അത്യാവശ്യം കണ്ടീഷൻ ആയ വാഹനം നോക്കി വിളിക്കുക.
- Breathing problems ഉള്ള ആളുകൾ ചെറിയ ഓക്സിജൻ മാസ്ക്കുകൾ കയ്യിൽ കരുതുക, ഇത്തരം ചേരിയുടെ ഓക്സിജൻ മാസ്ക്കുകളും തെർമൽ ജാക്കറ്റും ഗാങ്ടോക്കിൽ പല കടകളിൽ നിന്നും വാടകക്ക് ലഭിക്കും.
- ആർമി ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുക. തന്ത്രപ്രധാന മേഖലയായ നാഥുല പാസിലെ പല സ്ഥലത്തും ഫോട്ടോ എടുക്കാൻ അനുവാദം ഇല്ല അത്തരം നിർദ്ദേശങ്ങൾ പാലിക്കുക.
- നാഥുല പാസിലേക്കുള്ള ഒരാളുടെ ഏകദേശ ടാക്സി ചാർജ് 5 k ആണ്. ചില സമയങ്ങളിൽ ഇതിൽ കൂടുതലും ആകും.
ഈ ബ്ലോഗ് നിങ്ങൾക്ക് ഇഷ്ട്ടമായെങ്കിൽ ഇതുപോലുള്ള യാത്ര ബ്ലോഗുകളും, ടിപ്സും ലഭിക്കാനായി നിങ്ങളുടെ Mail ID കൊടുത്തു ഈ Travel website Subscribe ചെയ്യുക.
For Sikkim Gov. official Tourism Department Information Center.
Akhil Sasidharan
Akhil Sasidharan is a passionate full-time traveler, vlogger, blogger, and photographer. He belongs to Kerala, God's Own Country, the south-most state of India.