70 വയസ്സിലും 60 ദിവസത്തെ All India Road Trip നടത്തിയ ഇടുക്കിയിലെ ദമ്പതികൾ.
ധാരാളം സഞ്ചാരികൾ ഇന്നത്തെ കാലത്തു All India Road Trip ചെയ്യുന്നുണ്ട്. എന്നാൽ ചെറുപ്പക്കാർ മാത്രം ചെയ്യാറുള്ള ഈ ഭാരത പര്യടനം, പ്രായം എന്നത് വെറുമൊരു നമ്പർ മാത്രമാണന്നു തെളിയിച്ചുകൊണ്ട് യാത്ര ചെയ്ത ഇടുക്കിക്കാരായ തികച്ചും സാധാരണക്കാരായ ദമ്പതികൾ നെടുങ്കണ്ടത്തു ഉണ്ട്. 60 ദിവസം നീളുന്ന All India trip കാറിൽ സഞ്ചരിച്ച 70 വയസുള്ള ഈ ദമ്പതികളെയും അവരുടെ സാഹസിക യാത്രയെ പറ്റിയും പുറം ലോകം ഇതുവരെ അറിഞ്ഞിട്ടില്ല.അച്ഛനെയും അമ്മയെയും തെരുവുകളിൽ കൊണ്ടുപോയി ഉപേക്ഷിക്കുന്ന മക്കളുള്ള ഈ കാലഘട്ടത്തിൽ മാതാപിതാക്കളുടെ ആഗ്രഹം അറിഞ്ഞു അവരെ ഒപ്പം കൂട്ടി അവരുടെ ഇഷ്ട്ട സ്ഥലങ്ങൾ കൂടെ നിന്ന് കാണിച്ചു കൊടുത്ത ഒരു മകന്റെ സ്നേഹവും, ത്യാഗവും കൂടി ഈ യാത്രയിൽ ഉണ്ട്.

ഒരുപാട് പണം മുടക്കിയുള്ള ആഡംബര യാത്ര ആയിരുന്നില്ല ഇത്. എത്തിച്ചേരുന്ന സ്ഥലങ്ങളിൽ ഉള്ള ആശ്രമങ്ങളിലും ചിലവു കുറഞ്ഞ ലോഡ്ജ് മുറികളും എല്ലാം താമസത്തിനായി ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഭാരത പര്യടനം ആയിരുന്നു. പ്രധാനമായും ഭാരതത്തിന്റെ ആത്മാവ് ഉറങ്ങിക്കിടക്കുന്ന പുണ്യ സ്ഥലങ്ങളിലും, ചരിത്ര സ്മാരകങ്ങളിലും ആണ് അധികം സമയവും ചിലവഴിച്ചത്. കണ്ടറിഞ്ഞ സ്ഥലങ്ങളിൽ ഏറ്റവും ഇഷ്ടപെട്ടത് ഏതെന്നു ചോദിച്ചാൽ രണ്ടുപേർക്കും പറയാൻ ഒറ്റ സ്ഥലം മാത്രം, മരണവും ജീവിതവും ഒന്നുചേരുന്ന കാശി.ചെറുപ്പക്കാർ പോലും യാത്രക്കിടയിൽ ശാരിക അസ്വസ്ഥകൾ കാരണം യാത്ര അവസാനിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ ശാരീരക പ്രശ്നങ്ങൾ ഒന്നുമില്ലാതെ ഒരു തവണ പോലും ആശുപത്രിയിൽ എത്തേണ്ട സാഹചര്യം ഇല്ലാതെയാണ് ഈ എഴുപതുകാർ യാത്ര പൂർത്തിയാക്കിയത്. ഇടുക്കിയിലെ തങ്ങളുടെ കൃഷിത്തോട്ടങ്ങളിൽ വർഷങ്ങളായി നന്നായി ജോലി ചെയ്യുന്ന ഇരുവർക്കും അറുപതു ദിവസത്തെ യാത്രയൊന്നും ഒരു പ്രശ്നമേയല്ല.

ഒറ്റയ്ക്ക് യാത്ര ചെയ്യാൻ തയ്യാറെടുത്ത ഇവരുടെ മകൻ അജേഷ് എന്തുകൊണ്ട് അച്ഛനെയും അമ്മയെയും കൂടെ കൊണ്ടുപോയ്ക്കൂടാ എന്ന ചിന്തയിൽ പോരുന്നോ എന്നൊരു ചോദ്യം മാത്രമേ ചോദിച്ചുള്ളൂ രണ്ടുപേരും സാധങ്ങൾ അപ്പോഴേക്കും പായ്ക്ക് ചെയ്യാൻ ആരംഭിച്ചിരുന്നു. ഇത്രയും ദൂരം പ്രായമുള്ള അച്ഛനെയും അമ്മയെയും കൂട്ടി യാത്ര പുറപ്പെടാൻ ഒരുങ്ങിയ അജേഷിനെ പിന്തിരിപ്പിക്കാൻ ആയിരുന്നു ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചത്, പക്ഷെ ആരോടും ഒന്നും പറയാതെ ആ അച്ഛനും, അമ്മയും, മകനും കൂടി അവരുടെ സ്വപ്നത്തിലേക്ക് ഫസ്റ്റ് ഗിയർ ഇട്ടു.ജാർഖണ്ഡലിലെ ഒരു ഉൾഗ്രാമത്തിൽ വെച്ച് വഴിതെറ്റിയതും നക്സലൈറ്റുകളുടെയും കൊള്ളക്കാരുടെയും താവളമായ ആ പ്രദേശത്തു ഒരു രാത്രി കഴിഞ്ഞു കൂടിയതുമാണ് യാത്രയിലെ പേടിപ്പെടുത്തുന്ന ഒരു അനുഭവം. പിറ്റേ ദിവസം കാറിനടുത്ത് എത്തിയ ഗ്രാമവാസികൾക്ക് നല്ല കേരള പുകയില കൊടുത്തു അവരെ കയ്യിലെടുത്തതും, പിന്നീട് ഗ്രാമവാസികൾ അവരുടെ വീട്ടിൽ പാകം ചെയ്ത ഭക്ഷണ സാധനങ്ങൾ പായ്ക്ക് ചെയ്തു തന്നു സ്നേഹത്തോടെ യാത്രയാക്കിയതും പോലുള്ള ധാരാളം രസകരമായ അനുഭവങ്ങളും യാത്രക്കിടയിൽ ഉണ്ടായിട്ടുണ്ട്.

പ്രായമൊക്കെ ഒരുപാടായി ഇനിയുള്ള ജീവിതം നാലുചുവരുകൾക്കുള്ളിൽ ഒതുക്കാമെന്നു ചിന്തിക്കുന്ന , ഇഷ്ട്ട സ്ഥലങ്ങൾ ആയുസെത്തും മുന്നേ കാണണമെന്ന ആഗ്രഹത്തെ സങ്കടത്തോടെ മറക്കുന്ന ധാരാളം ആളുകൾക്ക് ഈ എഴുപതുവയസുള്ള സാധാരണക്കാരിൽ സാധാരണക്കാരായ ഇടുക്കിയിലെ കർഷക ദമ്പതികളുടെ യാത്ര ഒരു പക്ഷെ പ്രചോദനമായേക്കാം.പ്രായവും ആരോഗ്യവും ഒന്നും യാത്രകളെ തടയില്ല എന്ന യാഥാർഥ്യത്തെ ഇവർ ഓർമ്മിപ്പിക്കുന്നു. രാജ്യത്തിന്റെ വടക്കു കിഴക്കൻ പ്രദേശങ്ങളിൽ ഇനിയും പോയിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര പോകണമെന്ന് ഇപ്പോൾ മകൻ അജേഷിനെ നിർബന്ധിക്കുകയാണ് ഇരുവരും, ഉടൻ തന്നെ ആ യാത്രയും അച്ഛനും അമ്മയ്ക്കും ഒപ്പം ഉണ്ടാകുമെന്നു അവരുടെ പ്രിയപ്പെട്ട സഹയാത്രികനായ മകനും പറയുന്നു. എന്റെ ഇടുക്കി യാത്രയിൽ അവിചാരിതമായാണ് ഇവരെ പരിചയപ്പെടുന്നത്. സോഷ്യൽ മീഡിയയും, മറ്റു മാധ്യമങ്ങളും ഒന്നുമറിഞ്ഞിട്ടില്ലാത്ത ഈ സാധാരണക്കാരുടെ സാഹസിക യാത്രയും അനുഭവങ്ങളും നേരിട്ടറിയാൻ അതുകൊണ്ടു തന്നെ ഭാഗ്യമുണ്ടായി. ഇടുക്കി, നെടുംകണ്ടത്തെ വീട്ടിൽ ഇരുന്നുള്ള ഇവരുടെ യാത്രാനുഭവങ്ങൾ ഒരു ചെറു വിഡിയോയായി എന്റെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. താൽപ്പര്യമുള്ളവർക്ക് ആ യാത്രയുടെ അനുഭവങ്ങൾ ആസ്വദിക്കാം.


Akhil Sasidharan
Akhil Sasidharan is a passionate full-time traveler, vlogger, blogger, and photographer. He belongs to Kerala, God's Own Country, the south-most state of India.