ഒരു കാലത്ത് മലയാള സിനിമയുടെ ഭാഗ്യ ലൊക്കേഷൻ ആയിരുന്നു ഒറ്റപ്പാലം, ധാരാളം ഹിറ്റ് സിനിമകൾക്ക് ജന്മം കൊടുത്ത ഒരു ഭാഗ്യ ലൊക്കേഷൻ. എന്നാൽ ഈ അടുത്ത കാലത്തായി മലയാള സിനിമയുടെ ഭാഗ്യ ലൊക്കേഷൻ ആയി അറിയപ്പെടുന്നത് എറണാകുളം ജില്ലയുടെയും ഇടുക്കി ജില്ലയുടെയും അതിർത്തി നഗരമായ തൊടുപുഴ ആണ്. ഇടുക്കിയുടെ സുന്ദരമായ ഭൂപ്രകൃതിയും അതോടൊപ്പം ഒരു സിറ്റി ലൈഫിന് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങളുമാണ് തൊടുപുഴയെ സിനിമാക്കാരുടെ ഇടയിൽ ഇത്രത്തോളം സ്വീകാര്യമാക്കിയത് അതോടൊപ്പം ചെയ്യുന്ന സിനിമകളുടെയെല്ലാം വിജയങ്ങളും.
മലയാള സിനിമയുടെ ഭാഗ്യ ലൊക്കേഷൻ ആയ തൊടുപുഴയുടെ മുകൾത്തട്ടിൽ ആണ് ഇലവീഴാപൂഞ്ചിറ എന്ന പ്രകൃതി വിസ്മയം. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളുടെ പ്രദേശങ്ങൾ ഒരുമിച്ചു കാണാൻ സാധിക്കുന്ന ഒരു അപൂർവ്വ ടോപ്സ്റ്റേഷൻ ആണിത്. വീശിയടിക്കുന്ന തണുത്ത കാറ്റും, കോടമഞ്ഞും, ഓഫ് റോഡിങ്ങും ധാരാളം ട്രെക്കിങ്ങ് സ്പോട്ടുകളും ഉള്ള ഒരു സാഹസിക സഞ്ചാരിയെ ആവോളം ആകർഷിക്കാൻ വേണ്ടുന്ന എല്ലാം നിറഞ്ഞ ഒരു ടോപ്സ്റ്റേഷൻ.

രണ്ടാം ലോക്ക്ഡൌൺന്റെ ക്ഷീണം തീർക്കൽ ഉദ്ദേശവുമായി തൊട്ടടുത്തുള്ള ടൂറിസ്റ്റ് സ്പോട്ടുകൾ ആക്രമിച്ചു കീഴടക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇലവീഴാപൂഞ്ചിറ എന്ന മലയാള സിനിമയുടെ ഹോളിവുഡിലേക്ക് സുഹൃത്ത് സേതുവും ആയി ബൈക്കിൽ പുറപ്പെട്ടത്. ഏത് ട്രിപ്പ് പോയാലും ക്യാമറ എടുക്കും പോലെ തന്നെ ഉള്ള ഒരു ആത്മബന്ധം ടെന്റിനോട് ഉള്ളതുകൊണ്ട് ബൈക്കിനു പുറകിൽ അതിനെയും കെട്ടിവെച്ചു. ലോക്ഡൗൺ ക്ഷീണം പാവം ടെന്റിനും കാണുമല്ലോ. അങ്ങനെ യാതൊരുവിധ പ്ലാനുകളും ഇല്ലാതെ ഞാനും സേതുവും ടെന്റും കൂടി ഇലവിഴാപൂഞ്ചിറയിലേക്ക് ഊളിയിട്ടു.
വേലയും കൂലിയും ഉള്ള ആളുകൾ അതും ഒക്കെ ആയി പോകുന്ന ടൈം ആണല്ലോ അതുകൊണ്ട് അധികം തിരക്ക് ഒന്നും കാണില്ലല്ലോ എന്നോർത്ത് കൊണ്ടാണ് നമ്മുടെ യാത്ര പരിപാടി ഒരു വീക്ക്ഡേയിൽ ആക്കിയത്. കാഞ്ഞാരിൽ നിന്നും ഇലവിഴാപൂഞ്ചിറയിലേക്കുള്ള റോഡിൻറെ അവസാനം എത്തിയപ്പോൾ ഒരു കാര്യം മനസ്സിലായി ആർക്കും അങ്ങനെ പറയത്തക്ക വലിയ വേലയൊന്നും ഇപ്പോളില്ല.

കുറെ കപ്പിൾസ് നാട്ടുകാരെ കാണിക്കാൻ എന്നപോലുള്ള ചില നടപടിക്രമങ്ങൾ ഒക്കെ ആയിട്ട് ബൈക്കിലും കാറിലും ഒക്കെ എത്തിയിട്ടുണ്ട്. അല്പം ജീവിക്കാൻ പഠിച്ചവരും വണ്ടി പേടി ഉള്ളവരും ആയിട്ടുള്ള മാന്യന്മാർ താഴെ കാറും ബൈക്കും ഒക്കെ നിർത്തിയിട്ട് നിരനിരയായി കിടക്കുന്ന ഓഫ് റോഡ് ജീപ്പിൽ കയറാൻ വേണ്ടി തിരക്ക് കൂട്ടുന്നുണ്ട്. ചില അസാമാന്യ ധൈര്യവും ചങ്കൂറ്റവും ഉള്ള വിദ്വാൻമാർ ജീപ്പിൽ കയറി പോകുന്ന മാന്യന്മാരും മാന്യകളെയുമൊക്കെ പുച്ഛത്തോടെ നോക്കി തങ്ങളുടെ ഹിമാലയന് എക്സ്പ്രസ് ഒക്കെ കൈകൊടുത്ത് കയറിപ്പോകുന്നു. മൊത്തത്തിൽ നമ്മൾ കയറി ചെല്ലുമ്പോൾ ഇലവിഴാപൂഞ്ചിറയുടെ ബേസിൽ ആകെ പാടെ ഒരു ജഗ പൊഗ. രാജാവ് പാലൊഴിക്കാൻ പറഞ്ഞിട്ട് കൊണ്ടുവെച്ച പാത്രത്തിൽ വെള്ളം മാത്രം വന്ന കഥ പോലെ എല്ലാവരും നമ്മളെ പോലെ തന്നെ അങ്ങ് ചിന്തിച്ചാന്നു തോന്നുന്നു വീക്ക്ഡേയിൽ തന്നെ ട്രിപ്പിനിറങ്ങീത്.

വഴി എങ്ങനെ ഉണ്ട് എന്ന് ചോദിക്കുന്ന പാവം കാറുകാരെയും ബൈക്കിൽ വന്ന ചാർലി സിനിമ കാണാത്ത കപ്പിൾസിനിയുമൊക്കെ ജീപ്പ് ചേട്ടൻമാർ ഭീകരമായി പേടിപ്പിച്ചു തങ്ങളുടെ ജീപ്പിൽ തട്ടി കയറ്റുന്നുണ്ട്. ഹിമാലയൻ എക്സ്പ്രസ് ചെക്കൻമാരുടെ നമ്മുടെ യോടുള്ള പുച്ഛവും നമ്മുടെ ഔട്ട് ഫിറ്റ് കണ്ടിട്ടുള്ള ചില പെൺപിള്ളേരുടെ പ്രതീക്ഷാനിർഭരമായ നോട്ടവും കൂടി കണക്കിലെടുത്തുകൊണ്ട് ഞങ്ങൾ അങ്ങനെ ഒരു തീരുമാനത്തിലെത്തി ജീപ്പ് വേണ്ട.

അങ്ങനെ നമ്മുടെ ഓഫ് റോഡ് ഉദ്യമം ആരംഭിച്ചു കുറച്ചു ദൂരം കൂടി പൊട്ടിപ്പൊളിഞ്ഞ റോഡിൻറെ സുഖം കിട്ടിയെങ്കിലും അത് കഴിഞ്ഞപ്പോൾ റോഡ് തന്നെ അവിടെ ഇല്ലാത്ത അവസ്ഥയായി. താഴത്തെ ജീപ്പ് ചേട്ടൻമാർ ഇവിടുത്തെ റോഡ് ബോംബിട്ട് തകർത്തതാണോ എന്നുപോലും തോന്നി അതുപോലെ ഉരുളൻകല്ലുകൾ നിരനിരയായി കിടക്കുന്നുണ്ട് വഴിയിൽ. ഞാൻ ഓഫ് റോഡ് റൈഡിങ് സുഖവും കൂടെയുള്ള സേതു ട്രക്കിങ്ങിന് സുഖം അനുഭവിച്ചു കൊണ്ട് ഞങ്ങൾ അങ്ങനെ മുന്നോട്ടു പോകുമ്പോൾ അതിസാഹസികൻമാരും മാരക ട്രാവലേഴ്സ് മായ ഹിമാലയൻ എക്സ്പൾസുകൾ പാട്ടൊക്കെ പാടി അങ്ങ് കയറി പോകുന്നുണ്ട്. മോശം പറയരുതല്ലോ ഇടയ്ക്കിടെ വണ്ടി ഉന്തിയും പൊക്കിയുംമൊക്കെ മല കേറി പോകുന്ന ഞങ്ങളെ ചില താർ എൻഡവർ അച്ചായന്മാർ വളരെ ദയനീയമായി നോക്കി അവരുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടാണ് കടന്ന് പോകുന്നത്. എല്ലാ കാര്യത്തിനും ഒരു അവസാനം ഉള്ളതുപോലെ അങ്ങനെ ഞങ്ങളുടെ ഉദ്യമവും അവസാനിച്ചു. ഞങ്ങൾ മല മണ്ടേൽ ചെന്നു. ഞങ്ങൾ എന്നാൽ ഞാൻ ആദ്യവും ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ കൂടെ വന്ന സേതു രണ്ടാമതും എത്തി. എന്റെ ബ്രഹത്തായ ട്രിപ്പ് വാഗ്ദാനത്തിന് അപ്പുറത്തുള്ള ട്രക്കിങ് കൂടി അങ്ങനെ എൻറെ സുഹൃത്തിനു നല്കാൻ സാധിച്ചു. ഒരു ആന വന്നു മുന്നിൽ നിന്നാൽ അതിനെ ഇടിച്ചു നമ്മൾ വീഴും അമ്മാതിരി കോടമഞ്ഞ് ആണ് മലമുകളിൽ.

ഒരു പീറ ടി ഷർട്ടും ട്രെക്കിങ്ങ് പാന്റും ഇട്ടുവന്ന ഞാൻ വീശിയടിക്കുന്ന തണുത്ത കാറ്റിൽ വിറക്കാൻ തുടങ്ങി ട്രെക്കിങ്ങ് കഴിഞ്ഞു വന്ന വന്ന സുഹൃത്തും ഏതാണ്ട് അങ്ങനെ ഒക്കെ തന്നെ.പിന്നെ ആകപ്പാടെയുള്ള ഒരു ആശ്വാസം എന്നത് അവിടെ കൂടി നിൽക്കുന്ന ബഹുഭൂരിപക്ഷം ആളുകളും നമ്മളെ പോലെ തന്നെയാണ് അടിസ്ഥാന ഡ്രസ്സുകൾ മാത്രമേ ഉള്ളു മറ്റ് ആഡംബരങ്ങൾ ഒന്നും തന്നെ ഇല്ല ഇനി അവരൊക്കെ വല്ല ജാക്കറ്റോ മറ്റോ ധരിച്ചാണ് വന്നിരുന്നുവെങ്കിൽ നമ്മുടെ ഇമേജിന് അത് ഉണ്ടാക്കുന്ന ആഘാതം ഓർത്തു ഞാൻ കുറച്ചുകൂടി വിറച്ചു. ഇവിടെ വരുന്ന എല്ലാവരും മസ്റ്റ് ആയിട്ട് ചെയ്യേണ്ട കാര്യം എന്ന രീതിയിൽ വഴിപാടുപോലെ എല്ലാവരും അവിടെയുള്ള ഒരു ചെറു കടയിൽ നിന്നും കാപ്പി കുടിക്കുന്നുണ്ട്. അങ്ങനെ നമ്മളും ആ കർമ്മത്തിൽ പങ്കാളിയായി. കോട മഞ്ഞു മൂടി നിൽക്കുന്ന മലയുടെ ടോപ്പിലെ കൊടും തണുപ്പിൽ ഒരു കാപ്പി ഊതികുടിക്കുക അതിന്റെ ഒപ്പം ചൂട് ഓംലറ്റ് കൂടി കഴിക്കുക എന്നത് തികച്ചും അത്യാഡംബരം തന്നെ. ഈ ചെറു കടയിലെ കാപ്പിയും ഓംലെറ്റും ഒന്നുമല്ല ആളുകളെ ഇങ്ങോട്ടേക്കു ആകർഷിക്കുന്നത് എന്ന് കുറച്ചു കഴിഞ്ഞപ്പോൾ ആണ് മനസിലായത്. അനീഷ് എന്ന കാപ്പികടക്കാരന്റെ വാതോരാതെയുള്ള ഗംഭീരമായ പൂഞ്ചിറ ചരിത്ര കഥകളും വാചകമടിയും ആണ് ഇവിടുത്തെ പ്രധാന വിഭവം. പരിചയപെട്ടു കഴിഞ്ഞപ്പോൾ അല്ലെ കാര്യം മനസിലായത് ഈ തട്ടുകട അനീഷ് മുതലാളിയുടെ ഒരു സൈഡ് ബിസിനസ് മാത്രം പൂഞ്ചിറ റിസോർട്ട് എന്ന പേരിൽ മുതലാളിക്ക് തൊട്ടു താഴെ ഒരു ഒന്ന് രണ്ടു കോട്ടജ് ഉണ്ട് അതിന്റെ മാർക്കിറ്റിങ്ങും പിന്നെ ചെറിയ ചില്ലറ തടയൽ പരിപാടിക്കും വേണ്ടിയുള്ള വെറും മറയാണ് ഈ തട്ടുകട. കാഡ്ബറിസിനിടെ മാർക്കറ്റിങ് ടീം എങ്ങാനും ഇങ്ങേരെ കണ്ണട എപ്പോൾ പോക്കെന്ന് ചോദിച്ചാൽ മതി.അനീഷ് ചേട്ടനും ആയുള്ള കട്ട കമ്പിനിയടിക്കൽ നമ്മുടെ യാത്ര പരുപാടി മൊത്തത്തിൽ അങ്ങ് മാറ്റി കളഞ്ഞു.

ഏതേലും പാറ പുറത്ത് ടെന്റടിക്കാൻ ഇരുന്ന ഞങ്ങൾക്ക് മറ്റൊരു സാധ്യത അവിടെ സംജാതമായി. പുള്ളിടെ തന്നെ ഭാഷയിൽ പറഞ്ഞാൽ എന്നതിന്നാടാ ഉവ്വേ ഈ കണ്ട പാറ പുറത്തൊക്കെ ടെന്റടിച്ചു വല്ല കുറക്കന്റെയും കടി മേടിക്കുന്നെ നല്ല കലക്കൻ വ്യൂ കിട്ടുന്ന സ്ഥലമല്ലയോ നമ്മുടെ റിസോർട്ടിന്റെ അങ്ങേയറ്റത്ത് നിങ്ങൾ അവിടെ കൂടിക്കോ. അത് ഒരു ഒന്നുഒന്നര സ്ഥലം തന്നെ ആയിരുന്നു. കുറെ കാലമായി നമുണ്ട് സ്വപ്നങ്ങളിൽ കണ്ടിരുന്ന പോലെ തന്നെ തിക്കച്ചും പ്രൈവറ്റ് ആയ ആരും ഇല്ലാത്ത ഒരു വാൻ മലയുടെ ടോപ്പിൽ വ്യൂ കിട്ടുന്ന മലയുടെ തുമ്പത്ത് ബൈക്ക് കൊണ്ട് വെച്ച് തൊട്ടടുത്ത് തന്നെ ടെന്റ് ചെയ്യുക അതങ്ങനെ സാധ്യമായി. മലയാളം ഉൾപ്പടെയുള്ള നിരവധിയായ സിനിമകളിലൂടെ പ്രക്ഷേകരുടെ ഹൃദയം കവർന്ന കുടയത്തൂരും കോളപ്രയും മൂലമറ്റവുമൊക്കെയാണ് താഴെ ഇങ്ങനെ നീണ്ടു വിരാചിച്ച് കിടക്കുന്നത്. മൂലമറ്റം പവർഹൌസിന്റെ ഉൾപ്പടെ താഴെ ഇലക്ട്രിക് ലൈറ്റുകളുടെ കണ്ണെത്താ ദൂരത്തോളമുള്ള ഒരു കടൽ സന്ധ്യയുടെ അവസാന ലാപ്പിൽ കണ്ടു തുടങ്ങിയിരിക്കുന്നു.
അവസാന സഞ്ചാരിയും മലയിറങ്ങിയപ്പോൾ പ്രകൃതിയുടെ ആഹാ നിശബ്ദ സൗന്ദര്യം ശെരിക്കും തിരിച്ചറിയാൻ സാധിച്ചു.അങ്ങനെ കുളിരുകോരുന്ന ആ ഇലവീഴാപൂഞ്ചിറയിലെ രാത്രിയിൽ എല്ലാ ലോക മലയാളികളും മലമുകളിൽ ചെല്ലുമ്പോൾ കാട്ടികൂട്ടുന്ന ആ ഐറ്റംസ് ആയ അൽപ്പം തീയും ഗ്രിൽഡ് ചിക്കനുമൊക്കെ ആസ്വദിച്ചു ടെന്റിൽ ചുരുണ്ടു കൂടി.

പിറ്റേദിവസത്തെ പ്രഭാതത്തിലെ കാഴ്ചകൾ ആയിരുന്നു ശെരിക്കും മനംകവർന്നത്. കോടമഞ്ഞിൽ മൂടി നിന്ന ഇലവീഴാപൂഞ്ചിറയിലെ മലനിരകൾ സൂര്യന്റെ വരവോടെ തെളിഞ്ഞു ഉല്ലസിച്ചു പുതിയ ദിവസത്തെ സ്വാഗതം ചെയ്തു.
ഇലവീഴാപൂഞ്ചിറയുടെ മുകളിൽ ഹിമാലയ പർവ്വതനിരകളിലെ ബുദ്ധ മൊണാസ്ട്രികളോട് സമാനതയുള്ള കേരളം പോലീസിന്റെ റേഡിയോ സ്റ്റേഷൻ ഇരിക്കുന്നിടം വരെയൊന്ന് ട്രെക്ക് ചെയ്തു, കൂടെ പണ്ട് പഞ്ച പാണ്ഡവൻമാർ പാഞ്ചാലിക്കായി പണിത പൂഞ്ചിറയുടെ വിദൂര ദൃശ്യമൊക്കെ കണ്ടു താഴെ എത്തിയപ്പോൾ
അനീഷ് ചേട്ടന്റെ വീട്ടിൽ നിന്നും കൊണ്ട് വന്ന നല്ല ചൂട് ഇടിയപ്പവും കറിയും റെഡി ആയിരുന്നു. അതൊക്കെ കഴിച്ച് അനീഷ് ചേട്ടനോട് ഒരു വല്യകാട്ടു നന്ദിയൊക്കെ പറഞ്ഞു ഞങ്ങൾ മലയിറങ്ങുമ്പോൾ പുതിയ ദിവസത്തിൽ പുതിയ സഞ്ചാരികളുമായി ജീപ്പ് ചേട്ടന്മാർ അങ്ങനെ നിരനിരയായി മലകേറി വരുന്നുണ്ട്. അത് അങ്ങനെയാണ് ലോകത്തുള്ള എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഓരോ പുൽനാമ്പും ഓരോ ദിവസവും കണികാണുന്നത് പലയിടത്തുന്നുള്ള അപരിചിതരെയാണ്. അങ്ങനെ ഇന്നലത്തെ അപരിചിതരും ഇന്നത്തെ സുപരിചിതരുമായ ഞങ്ങൾ ഇലവീഴാപ്പൂഞ്ചിറയോട് തത്കാലത്തേക്ക് ഒരു ബൈ പറഞ്ഞങ്ങ് ഇറങ്ങി.

Akhil Sasidharan
Akhil Sasidharan is a passionate full-time traveler, vlogger, blogger, and photographer. He belongs to Kerala, God's Own Country, the south-most state of India.